10:18am 06 November 2026
NEWS
ഇസ്രയേലിൽ നെതന്യാഹുവിന് തിരിച്ചടി; ഗാദി ഐസൻകോട്ടിന് ഭൂരിപക്ഷ പിന്തുണ; യാഷർ സർക്കാർ അധികാരത്തിലേക്ക്?
06/11/2026  06:15 AM IST
nila
ഇസ്രയേലിൽ നെതന്യാഹുവിന് തിരിച്ചടി; ഗാദി ഐസൻകോട്ടിന് ഭൂരിപക്ഷ പിന്തുണ; യാഷർ സർക്കാർ അധികാരത്തിലേക്ക്?

 

ഇസ്രയേലിൽ വീണ്ടും അധികാരത്തിലെത്താമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടിയുടെ പിന്തുണ ലഭിക്കാതിരിക്കുകയും രണ്ട് അറബ് പാർട്ടികൾ പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷത്തിൽനിന്ന് പിന്നിലായി. ഇതോടെ യാഷർ പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ശക്തമായി.

അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റും അറബ് നേതൃത്വത്തിലുള്ള റാം പാർട്ടിയുമാണ് ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വിവിധ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ജോയിന്റ് ലിസ്റ്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ റാം പാർട്ടിയിലെ എട്ട് അംഗങ്ങളും ഐസൻകോട്ടിനെ പിന്തുണച്ചിരുന്നു.

ഇതോടെ 120 അംഗ നെസെറ്റിൽ ഐസൻകോട്ടിന് അനുകൂലമായി 67 പേരുടെ ശുപാർശ ലഭിച്ചു. നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തിന് 58 പേരുടെ പിന്തുണ മാത്രമാണുള്ളത്. അതേസമയം, തീവ്ര ഓർത്തഡോക്സ് വിഭാഗത്തിലെ ഡെഗെൽ ഹാതോറ ഇരു നേതാക്കളെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് അധികാരത്തിലേക്കുള്ള പോരാട്ടത്തിൽ ഐസൻകോട്ട് വ്യക്തമായ മുൻതൂക്കം നേടിയത്.

കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ ആകെ 19 സീറ്റുകൾ നേടിയിരുന്നു. ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ അറബ് കക്ഷികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമായി.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അറബ് പാർട്ടികൾ തന്റെ സർക്കാരിന്റെ ഭാഗമാകുന്നതിനെ ഐസൻകോട്ട് എതിർത്തിരുന്നു. അറബ് പാർട്ടികളുമായോ തീവ്ര ഓർത്തഡോക്സ് കക്ഷികളുമായോ സഖ്യമുണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഖ്യത്തിൽ ചേരുന്നതിനുള്ള ആവശ്യമായ നിബന്ധനകൾ ഈ പാർട്ടികൾ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img